ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്

ഭാഗം 1

രാവിലെ അച്ഛനാണ് എന്നെയെയും രൂപയെയും എയർപോർട്ടിൽ കൊണ്ടാക്കിയത്. ഞങ്ങൾ എത്തുന്നതിനു മുൻപേ ജെ കെ ഭായിയും (ജയകൃഷ്ണൻ ) രേഷ്മയും നൈനാവയും (നൈനിക ) എത്തിയിരുന്നു. കിട്ടിയ ലീവ് മുറുകെപ്പിടിച്ച് ഓടി ഇറങ്ങിയതാണ് ജെ കെ ഭായ്. പോയി വന്നതിനുശേഷം ദുവയോടും, കൂട്ടുകാരോടും, പിന്നെ ടീച്ചർമാരുടെ അടുത്തും യാത്ര പോയതിന്റെ വിശേഷം പറയുവാനും ആദ്യത്തെ വിമാനയാത്രയുടെ ത്രില്ല് പങ്കുവയ്ക്കുവാനും നൈനാവ ഇപ്പോഴേ റെഡി. ഏറെ കാത്തിരുന്ന യാത്ര അടുത്തെത്തിയപ്പോൾ പുതിയ ഫോണും കൈ വന്നതിന്റെ സന്തോഷത്തിലാണ് രേഷ്മ. ജോലിസംബന്ധമായി മുഹൂർത്തനേരത്ത് കയറിവന്ന പരീക്ഷ പാസായതിന്റെ കൂടി ആഹ്ലാദത്തിലാണ് രൂപ.

അപ്പോൾ ഞാനോ ആ… ആർക്കറിയാം… ചെണ്ടപ്പുറത്ത് കോലുവെക്കുമ്പോൾ നമ്മളവിടെ ഉണ്ടാകുമല്ലോ.

കഹാ ജാ രഹാ ഹേ ഭായ്… എങ്ങോട്ടാ?

കാശ്മീർ…

അതെ ഇത്തവണ കാശ്മീരിലേക്കാണ്. ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്. അശാന്തിയുടെ താഴ്വര എന്ന കുപ്രസിദ്ധി ഉണ്ടായിരുന്നിടത്തുനിന്നും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രഭാതങ്ങൾ പൊട്ടി വിടരുന്ന പുതിയ കാശ്മീരിലേക്ക്. ജന്മം നൽകിയ നാടിൻറെതാണെന്നൊരു കാരണം ഉണ്ടെങ്കിൽ കൂടിയും നമ്മുടെ ഭൂപടം കാണുവാൻ എന്തൊക്കെയോ പ്രത്യേകതയുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാരതത്തിൽ ഇത്രയും തലയെടുപ്പോടെ വിരാജിക്കുന്ന ഈ പ്രദേശത്തെ ഒരിക്കലെങ്കിലും കാണണമെന്നും അറിയണമെന്നും അനുഭവിക്കണമെന്നും ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ മാറിയ കാലഘട്ടം…
മാറിയ സാഹചര്യങ്ങൾ…

6E 148 ഇൻഡിഗോ വിമാനം ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഞങ്ങളെയും കൊണ്ട് ശ്രീനഗറിലേക്ക് പറന്നു. നവംബർ 23 വ്യാഴാഴ്ച ദിവസം വൈകുന്നരം 4.45 മണിക്ക് സ്വർഗ്ഗത്തിലെ താഴ്വരയിൽ പറന്നിറങ്ങി. ഇടയ്ക്കിടെ വിമാനത്തിന്റെ ജാലക വാതിലുകളിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ മേഘ കീറുകളെയും കീഴടക്കി മുകളിലേക്ക് എത്തിനോക്കുന്ന ഹിമവാനെ കാണുന്നുണ്ടായിരുന്നു. നൈനാവാ സൈഡ് സീറ്റ് കാഴ്ചകൾ കണ്ട് ആസ്വദിച്ചാണ് ഇരിപ്പ്. Ladies and gentleman we begin our descent into Srinagar എന്ന് പൈലറ്റ് പറഞ്ഞപ്പോഴുണ്ടായ ഒരു കുളിര് പറഞ്ഞറിയിക്കാൻ വയ്യ. സിറ്റി സെൻററിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ഷെയ്ക്ക് ഉൾ ആലം ഇൻറർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ 9 ഡിഗ്രി ആയിരുന്നു തണുപ്പ്. വന്നിറങ്ങിയ പാടെ ഫോൺ എടുത്തു നോക്കിയപ്പോൾ സ്വീകരിക്കുവാനെത്തും എന്ന് പറഞ്ഞിരുന്ന ഡ്രൈവർ ചേട്ടൻ്റെ മിസ്ഡ് കോൾ അലർട്ട് വന്ന് കിടപ്പുണ്ടായിരുന്നു. കയ്യിലുള്ള പ്രീപെയ്ഡ് സിം പ്രവർത്തനരഹിതം ആയിട്ടുണ്ട്. നാട്ടിൽ നിന്നു തന്നെ പോസ്റ്റ് paid സിം മുൻകൂട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ അതെ പ്രവർത്തിക്കുകയുള്ളൂ. എയർപോർട്ടിൽ നിന്നിറങ്ങിയപാടെ പേരൊക്കെ എഴുതിയ ബോർഡും പിടിച്ച് ഡ്രൈവർ ചേട്ടൻ കാത്ത് നിൽപ്പുണ്ടായിരുന്നു. സിനിമയിൽ മാത്രം കണ്ടു പരിചയം ഉള്ള ആ രംഗം ജീവിതത്തിൽ അനുഭവിക്കുന്നത് ഇതാദ്യമാണ്. ഹാവ് . എന്താ ഗ്ലാമർ. ആഷിക്. ഡ്രൈവർ സ്വയം പരിചയപ്പെടുത്തി. ഫോൺ നമ്പർ തന്നതിൽ ബിലാൽ എന്നാണല്ലോ കിടന്നിരുന്നത് എന്ന് പറഞ്ഞപ്പോൾ അങ്ങിനെയാണ് തന്നെ വിളിക്കുന്നത് എന്നായി മറുപടി. കുശലം പറഞ്ഞു മുഴുമിപ്പിക്കുവാൻ തണുപ്പ് തീരെ സമ്മതിക്കുന്ന മട്ടില്ല. നേരെ കാറിൽ വേഗം കയറി കൂടി. ബിലാൽ തൻറെ ഇന്നോവ സ്റ്റാർട്ട് ആക്കി എയർപോർട്ടിന് വെളിയിലേക്ക് കടന്നു. ശ്രീനഗറിൽ വളരെ തിരക്കാണ്.

താമസസ്ഥലത്തേക്ക് 30 കിലോമീറ്റർ ദൂരമാണ് കാണിക്കുന്നതെങ്കിലും ട്രാഫിക് ഇക്കണക്കിന് ആണെങ്കിൽ രണ്ട് മണിക്കൂറെങ്കിലും എടുക്കും എന്ന് ബിലാൽ ഭായ് പറയുന്നു. മാളുകൾ, മാർക്കറ്റ് ,വഴിയോര കച്ചവടക്കാർ, സിആർപിഎഫിന്റെ വാഹനം, മറ്റ് സ്വകാര്യവാഹനങ്ങൾ, സാധാരണക്കാർ. സന്ധ്യയോട് അടുക്കുമ്പോഴും തിരക്കിൽ തന്നെ ഇരിക്കുന്ന ശ്രീനഗർ. റോഡിലെ മീഡിയനിൽ നീളത്തിലുള്ള അലങ്കാരവിളക്കുകൾ തുടർച്ചയായി സ്ഥാപിച്ചിരിക്കുന്നു. ഭാരതപതാകയുടെ നിറത്തിൽ പച്ചയും വെള്ളയും കുങ്കുമവും തിളങ്ങിനിൽക്കുന്ന വഴിവിളക്കുകൾ നിരനിരയായി നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. ബാദ്ഷ പാലത്തിൽ കൂടി കയറി ഝലം നദിയെ കടന്നു മുന്നോട്ടുപോകുമ്പോൾ പ്രസിദ്ധമായ ലാൽ ചൗക് വലതുവശത്താണ്. 1992 ൽ ലാൽചൗക്കിൽ ഭാരത പതാക ഉയർത്തിയ ആൾ ഇന്ന് ഈ നാടിൻറെ പ്രധാനമന്ത്രിയാണ്. കശ്മീർ യാത്രയൊക്കെ കഴിഞ്ഞതിനുശേഷം നാട്ടിൽ വന്നിരുന്ന് ഈ കുറിപ്പ് എഴുതുമ്പോൾ ഈ നാടിനെ ഭാരതത്തിൻറെ ജനങ്ങളുടെ ഹൃദയത്തിൽ എന്ന പോലെ ഭരണരംഗത്തും ഇണക്കിചേർത്ത സുപ്രധാന തീരുമാനത്തെ നമ്മുടെ പരമോന്നത നീതിപീഠവും അംഗീകരിച്ച അവസരം കൂടിയാണ് ഇപ്പോൾ. ലളിത് ഗ്രാൻഡ് പാലസിനരികിൽ നിന്നും ഒരു തിരിവ് കഴിഞ്ഞപ്പോഴേക്ക് ദാൽ തടാകം നമുക്ക് അരികിൽ. മുന്നേ കണ്ട പതാക നിറങ്ങളുള്ള അലങ്കാര വിളക്കുകൾ ദാൽ തടാകത്തിനരികിലുള്ള റോഡിലും കാണാം. ചില ഭാഗങ്ങൾ ശിക്കാര പിക്കപ്പ് പോയിന്റുകളാണ്. അതിനപ്പുറം ധാരാളം ഹൗസ് ബോട്ടുകൾ കിടക്കുന്നു. ശിക്കാര പിക്കപ്പ് പോയിന്റുകൾ എല്ലാം ഘാട്ട് എന്ന് പേര് എഴുതി നമ്പർ കൊടുത്തിട്ടുണ്ട്. നമുക്ക് അവസാന ദിവസത്തെ താമസം പറഞ്ഞിരിക്കുന്നത് ഇതിൽ ഒരു ഹൗസ് ബോട്ടിൽ ആണ്. അതിനായി എത്തിച്ചേരേണ്ട ഘാട്ട് നമ്പർ 13 ഈ പോകുന്ന വഴിയിൽ കണ്ടു. റോഡിൻറെ മറുവശത്ത് നിരവധി ഹോട്ടലുകൾ കാണാം. ശങ്കരാചാര്യ ക്ഷേത്രത്തിലേക്കുള്ള വഴിയും ഇടയ്ക്ക് കണ്ടു. ചെറിയ മൈതാനം പോലെ ഒരു സ്ഥലത്ത് കുറച്ച് അധികം പെട്ടിക്കടകൾ കണ്ടപ്പോൾ ഇവിടെ നല്ല കബാബ് ലഭിക്കുമെന്ന് ബിലാൽ പറയുന്നു. നിശാന്ത് ഗാർഡൻ അതിൻറെ മതിൽ ഒക്കെ കണ്ട് കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ധാരാളം തുണികടകൾ ഉള്ള ഒരു സ്ഥലം എത്തി. നല്ല കശ്മീരി പശ്മിന ഷാൾ ലഭിക്കുന്ന ഇടങ്ങളാണ് ഈ കാണുന്ന കടകൾ ഓരോന്നും എന്ന് ബിലാൽ പറഞ്ഞു തന്നു. ഇതിനിടയിൽ വഴിയിലെ തിരക്ക് കുറഞ്ഞു വരുന്നതായി കണ്ടു. വഴിയുടെ വീതിയും കുറഞ്ഞുവന്നു. സീസൺ സമയം ആകുന്നതിനാലും സിറ്റി സെന്ററിൽ തിരക്കായിരുന്നതിനാലും അവിടെ ഒന്നും തന്നെ താമസം തരപ്പെടുത്തുവാൻ സാധിച്ചിരുന്നില്ല. കുറച്ച് ഉള്ളിലേക്ക് മാറിയിട്ടാണ് നമ്മുടെ ഹോട്ടൽ ലഭിച്ചത്. ഹാർവാൻ എന്ന സ്ഥലത്തേക്ക് പോകുന്ന റോഡിലൂടെ ആയിരുന്നു ഇത്രയും നേരം സഞ്ചരിച്ചിരുന്നത്. ശ്രീനഗർ സ്മാർട്ട് സിറ്റി മിഷന്റെ ചുവന്ന നിറത്തിലുള്ള എസി ബസ് മുന്നിൽ കൂടി പോകുന്നു. അത് ഹാർവാനിലേക്കാണ് എന്ന് ബോർഡ് കണ്ടപ്പോൾ മനസ്സിലായി. ഗൂഗിൾ മാപ്പ് പെട്ടെന്ന് വഴി തിരിച്ച് ഒരു ഗലിക്ക് ഉള്ളിലേക്ക് കയറി. പിന്നീട് കുറച്ചു സമയത്തേക്ക് തീരെ വീതി കുറഞ്ഞ വഴിയിലൂടെ ആയിരുന്നു യാത്ര. ബിലാൽ ഭായിയും ആദ്യമായിട്ടാണ് ഈ ഹോട്ടലിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഗൂഗിൾ മാപ്പിന്റെ സഹായം ഇല്ലെങ്കിൽ വഴി വലിയ നിശ്ചയമില്ല. ബിലാൽ ബാരാമുള്ള നിവാസിയാണ്. നമ്മുടെ ടൂർ പാക്കേജുകാർ പറഞ്ഞതനുസരിച്ച് അവർ ഒരുക്കി തന്നതാണ് ബിലാലും ബിലാലിന്റെ വണ്ടിയും. ഇനിയിപ്പോൾ ഈ യാത്ര കഴിയുന്നതുവരെ നമ്മളോടൊപ്പം ബിലാലും ഉണ്ടാകും. നമ്മൾ ഇപ്പോൾ താമസിക്കുവാൻ പോകുന്ന ഹോട്ടൽ പുതിയതാണ്. അതുകൊണ്ടുതന്നെ കാര്യമായി റിവ്യൂ ഒന്നും തന്നെ വിരൽത്തുമ്പിൽ ലഭിച്ചിരുന്നില്ല. ഇതിപ്പോൾ എന്താകും എന്നൊരു ഉൾവിളി കുറച്ചു നേരമായി മനസ്സിൽ കൂടി ഓടുന്നുണ്ട്. നേരം ഇരുട്ടുകയും ചെയ്തു.

എന്തായാലും എത്തിയപാടെ വലിയ സ്വീകരണമാണ് ലഭിച്ചത്. ഹോട്ടൽ പുതിയതാണെന്ന് മാത്രമല്ല ആദ്യത്തെ താമസക്കാരും നമ്മൾ തന്നെയാണോ എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള സ്വീകരണം. ഹോട്ടലിനോട് ചേർന്ന് ഒരു സ്കൂളും പ്രവർത്തിക്കുന്നു. ഇത് ഏതോ മലമ്പ്രദേശം പോലെയുള്ള ഒരു ഭാഗമാണ്. കുറച്ചങ്ങോട്ട് മാറിയാൽ ജാൻവർ ഒക്കെ ഉണ്ടെന്ന് കേട്ടപ്പോൾ ചാടി റൂമിൽ കയറി. ഒരു പോർട്ടബിൾ അടക്കം മൂന്നുതരം ചൂടാക്കൽ സംവിധാനങ്ങളാണ് റൂമിൽ സജ്ജമാക്കിയിരുന്നത്. തീർച്ചയായും വേണ്ടിവരും. അത്രയ്ക്കുണ്ട് തണുപ്പ്. ഒരു കാപ്പി വീതം എല്ലാവർക്കും വേണമെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി കാപ്പി തരാം സാർ എന്നിരുന്നാലും ഞങ്ങളുടെ വെൽക്കം ഡ്രിങ്ക് ആയിട്ട് കാശ്മീരി കഹ്‌വാ ചായ ആദ്യം എടുക്കട്ടെ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ ആയിക്കോട്ടെ എന്ന് നമ്മളും. ചൂടുവെള്ളത്തിന്റെ കാര്യത്തിൽ തൊട്ടാൽ പൊള്ളുന്നു എന്നു പറയും പോലെ നല്ല തണുത്ത വെള്ളം തരുന്ന അവസ്ഥയെ എന്തു പറഞ്ഞു വിശേഷിപ്പിക്കണം എന്നറിയില്ല. ഒരുതരത്തിൽ ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്ക് നല്ല ആവി പറക്കുന്ന കഹ്വ എത്തി. ആവി പറക്കുന്നതും കണ്ടുകൊണ്ടിരുന്നാൽ ചൂട് അതിൻറെ വഴിക്ക് അങ്ങ് പോകും. കാശ്മീരിന്റെ കിസ്മത്താണ് മോനെ കഹ്‌വാ. ഇത് സംഗതി പൊളിച്ചു. കുങ്കുമപ്പൂവിന്റെ ഇഴകളും അരിഞ്ഞിട്ട ബദാമും ഏലക്കയും സ്വാഭാവികമായും ഗ്രീൻ ചായപ്പൊടിയും ഒക്കെ ചേർന്ന ഒരു ചൂടൻ പാനീയം. ആവേശം ചോരുന്നതിനു മുൻപേ ഒരെണ്ണം കൂടി പറഞ്ഞു ഒപ്പം രാത്രി ഭക്ഷണവും. ഫിഷ്, ചിക്കൻ ഫ്രൈ, പനീറിന്റെ ഒരു കറിയും പിന്നെ ഫ്രൈഡ് റൈസ് ഒക്കെയാണ് പറഞ്ഞതെങ്കിലും അത് അല്പം ഫ്ലോപ്പ് ആയിരുന്നു. എണ്ണ കൊണ്ടൊരു പെരുന്നാൾ തന്നെയായിരുന്നു. അങ്ങിനെ കാശ്മീരിലെ ആദ്യ രാത്രി. തണുപ്പ് വന്നുവന്ന് മൂന്ന് ഡിഗ്രി രണ്ട് ഡിഗ്രി ഒരു ഡിഗ്രി ഒക്കെ ആകുവാൻ തുടങ്ങി. മീതെക്ക് മീതെ ഉടുപ്പൊക്കെയിട്ടാണ് ഇരിപ്പും കിടപ്പും.

24 11 2023 വെള്ളി

ഒരു ആറ് ആറരയ്ക്ക് അപ്പുറം പിടിച്ചുനിൽക്കുവാൻ സാധിച്ചിരുന്നില്ല. കറന്റ് പോയിരുന്നതിനാൽ ഹീറ്റർ പണിമുടക്കി. എണീറ്റ് പോയ സ്ഥിതിക്ക് മിനിമം ഒരു കട്ടൻ എങ്കിലും കിട്ടിയില്ലെങ്കിൽ ഒരു ഇരിക്കപ്പൊറുതിയില്ലാത്തതിനാൽ താഴെ പോയി എല്ലാവരെയും വിളിച്ചെഴുന്നേൽപ്പിച്ച് ജനറേറ്ററും ഓണാക്കിപ്പിച്ച് ഓരോ ചായവീതം ഓർഡറും കൊടുത്ത് ഓടി റൂമിൽ കയറി. അധികം സമയമെടുക്കാതെ എല്ലാവരും ഇന്നത്തെ യാത്രയ്ക്കായി തയ്യാറായി. ഹോട്ടലിലെ ബ്രഡ് ഓംലെറ്റും കഴിച്ച് കാറിൽ കയറിയിരുന്നപ്പോൾ നൈനാവ ചോദിച്ചു. നമ്മൾ ഇന്ന് എങ്ങോട്ടേക്കാണ്?. നമ്മളിന്ന് ഗുൽമാർഗിലേക്ക് ആണ് പോകുന്നതെന്ന് കൊച്ചിന്റെ അച്ഛൻ പറഞ്ഞു കൊടുത്തു. അവിടെ എന്താ കാണാനുള്ളത് എന്നായി അവളുടെ അടുത്ത ചോദ്യം. അവിടെ ചെന്ന് നമുക്ക് മഞ്ഞു വാരാമെന്ന് രേഷ്മ മറുപടി കൊടുത്തു. അത് മാത്രം പോരാ മഞ്ഞു മനുഷ്യനെയും ഉണ്ടാക്കണമെന്നായി നൈനാവാ. ആ കാര്യം നമ്മൾ ഏറ്റെന്ന് രൂപയും ഉറപ്പു കൊടുത്തു. തലേദിവസം രാത്രിയിൽ കണ്ട ശ്രീനഗറിന്റെ പകൽ ദൃശ്യം കണ്ടുകൊണ്ടാണ് യാത്ര. ശ്രീനഗർ ഉറക്കമുണർന്നു വരുന്നതേയുള്ളൂ. സിറ്റിയുടെ റോഡുകളും മറ്റും ശുചിയാക്കുന്നവർ രാവിലെ തന്നെ സേവന നിരതരാണ്. ധാരാളം പേർ നടക്കുവാൻ ഇറങ്ങിയിട്ടുണ്ട്. ദാൽ തടാകം മഞ്ഞുമൂടിനിൽക്കുന്നു. ദാൽ മിഴി തുറക്കുന്നതേയുള്ളൂ. ചിനാർ മരങ്ങളുടെ ഇലകൾ ശ്രീനഗറിന്റെ വീഥികൾക്ക് നയനാനന്ദകരമായ ദൃശ്യ ചാരുതയേകുന്നു. എന്നിരുന്നാലും ശുചീകരണ പ്രവർത്തകർ അതിനെയെല്ലാം തൂത്തുകൂട്ടി തീയിടുന്നുണ്ട്. ഒരിനം ഇല പൊഴിക്കൽ വൃക്ഷമാണ് ഇത്. തിരക്കാവുന്നതിന് മുന്നേ ശ്രീനഗർ കടക്കുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സോപ്പോർ, ബാരാമുള്ള ഗുൽമാർഗ് അങ്ങനെ നിരവധി കേട്ട് പരിചയമുള്ള സ്ഥലപ്പേരുകൾ സൈൻ ബോർഡുകളിൽ പ്രത്യക്ഷപ്പെടുന്നു. ശ്രീനഗറിൽ നിന്നും 13 കിലോമീറ്റർ മാറി ഒരു ജംഗ്ഷനിൽ നിന്നും ഗുൽമാർഗിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഇപ്പോൾ ശ്രീനഗർ ജില്ല വിട്ടു നമ്മൾ മറ്റ് ജില്ലകളിലേക്ക് പ്രവേശിക്കുകയാണ്. നല്ല വീതിയുള്ളതും വൃത്തിയുള്ളതുമായ വഴി. ഇതിനിടയിൽ മാഗം, കൺസർ തുടങ്ങിയ സ്ഥലങ്ങൾ പിന്നിടുന്നു. മാഗം ഇവിടുത്തെ ഒരു ബിസിനസ് ഹബ്ബ് ആണെന്നാണ് വിക്കിപീഡിയ പറയുന്നത്. കൺസർ നവരാത്രി ആഘോഷങ്ങൾക്ക് പ്രസിദ്ധമായ പ്രധാനപ്പെട്ട നഗരമാണ്. കൻസറും നമ്മൾ ഇപ്പോൾ പോകുന്ന ഗുൽമാർഗ്ഗും ബാരാമുള്ള ജില്ലയിൽപ്പെട്ട സ്ഥലങ്ങളാണ്. ഗുൽമാർഗിലേക്കുള്ള അകലം കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു. അടുക്കാറായപ്പോൾ ഒരു കേന്ദ്രത്തിൽ ബിലാൽ വാഹനം നിർത്തി മഞ്ഞിൽ ഇടുവാനുള്ള ഷൂ ഒക്കെ വാടകയ്ക്ക് വാങ്ങി. 250 രൂപയാണ് വാടക. ഇവിടെനിന്നും കുറെ ദൂരം പൈൻ കാടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞാണ് യാത്ര. അത് ചെന്നെത്തുന്നത് ഗുൽമാർഗിലെ ഒരു പാർക്കിംഗ് സംവിധാനത്തിലേക്കാണ്. ബിലാൽ ഇവിടം വരെ മാത്രമേ കൂടെയുള്ളൂ.

ഇവിടെ ഇറങ്ങി നമുക്ക് ആദ്യം കുറച്ചു ദൂരം നടക്കണം. ഇറങ്ങിയ പാടെ കുതിരസവാരിക്കാരും ആ നാട്ടിലെ ടാക്സിക്കാരും നമുക്ക് ചുറ്റും കൂടി. എന്നിരുന്നാലും തണുപ്പുകൊണ്ട് കുറച്ചു ദൂരം നടക്കാം എന്ന് തന്നെ തീരുമാനിച്ചു. ആ വഴി ചെന്നെത്തുന്നത് റോപ്പ് വേ ഘട്ടം ഒന്നിൻ്റെ എൻട്രി പോയിന്റിലേക്കാണ്. ടിക്കറ്റ് മുൻകൂട്ടി ഓൺലൈൻ ആയി ബുക്ക് ചെയ്തിട്ടുണ്ട് എങ്കിലും ബുക്ക് ചെയ്തവരുടെ തന്നെ ക്യൂ അത്യാവശ്യം ഉണ്ട്. വേഗം വേഗം നീങ്ങുന്നുണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം.

പൂക്കളുടെ താഴ്‌വര എന്നാണ് ഗുൽമാർഗിൻറെ അർത്ഥം. പീർ പഞ്ചൽ പർവതനിരകളിലെ മഞ്ഞുമൂടിയ താഴ്വര. മേഘങ്ങളിലേക്ക് എത്തിനോക്കുന്ന കൊടുമുടികൾ. കാശ്മീരിന്റെ പ്രകൃതിയിൽ മഞ്ഞുമൂടിയ ഗിരിനിരകൾ എഴുതുന്ന കവിതയാണ് ഗുൽമാർഗ്. ആഴത്തിലുള്ള മലയിടുക്കുകളും മരതകകാന്തിയുള്ള പുൽമേടുകളും മഞ്ഞണിഞ്ഞ മാമലകളും നിറഞ്ഞ ഗുൽമാർഗ്. ഇവിടുത്തെ പ്രധാന ആകർഷണം ഗോണ്ടോള കേബിൾ കാർ സവാരിയാണ്. ഗുൽമാർഗ് ഗോണ്ടോല ലോകത്തെ തന്നെ നീളത്തിന്റെ കാര്യത്തിലും ഉയരത്തിന്റെ കാര്യത്തിലും രണ്ടാമത് നിൽക്കുന്നു. ഏഷ്യയിലെ ഏറ്റവും വലുതുമാണ് ഇത്. രണ്ട് ഘട്ടമായി പ്രവർത്തിക്കുന്ന ഈ സവാരി ആദ്യഘട്ടത്തിൽ അവിടെ നിന്നും കോംഗ്ദൂരിലേക്കും രണ്ടാംഘട്ടത്തിൽ എഫർവത് കൊടുമുടിയിലേക്കും നമ്മളെ എത്തിക്കും. സമുദ്രനിരപ്പിൽ നിന്നും 2650 മീറ്റർ അടി ഉയരത്തിൽ നിന്നും ആരംഭിക്കുന്ന കേബിൾ കാർ ആദ്യഘട്ടത്തിൽ 8530 അടി ഉയരത്തിലേക്കും രണ്ടാംഘട്ടത്തിൽ 14000 അടി ഉയരത്തിലേക്ക് നമ്മളെ എത്തിക്കുന്നു. ഇതിൽ ആദ്യഘട്ടത്തിലെ 400 മീറ്ററും രണ്ടാംഘട്ടത്തിലെ 1300 മീറ്ററും കുത്തനെ ആയിട്ടാണ് കയറ്റിക്കൊണ്ടുപോകുന്നത്.

ഏതാണ്ട് അരമണിക്കൂർ ക്യൂവിൽ നിന്നപ്പോഴേക്ക് നമ്മുടെ ഊഴം എത്തി. കേബിൾ കാർ ഓരോന്നും നിർത്തി ആളെ കയറ്റുന്ന പതിവില്ല. സ്പീഡ് കുറച്ച് നമുക്ക് അരികിലേക്ക് എത്തുമ്പോൾ അതിനുള്ളിലേക്ക് കയറി കൂടണം. ഒരു കൂപ്പയിൽ ആറുപേർക്ക് ഇരിക്കാം. കയറിക്കഴിഞ്ഞാൽ ഒരു 10, 12 മിനിറ്റ് കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കി നമ്മളെ കോങ്ണ്ടൂർ സ്റ്റേഷനിൽ ഇറക്കും. ചെറിയ റൈഡ് ആണെങ്കിലും കാഴ്ചകൾ വളരെ മനോഹരമാണ്. കൂറ്റൻ പൈൻ മരങ്ങൾ. അതിനിടയിൽ ആയി മഞ്ഞു കട്ടകൾ. ഗോണ്ടൊല കയറിപ്പോകുംതോറും മഞ്ഞു കട്ടകൾ കൂടിക്കൂടി വരുന്നു. അങ്ങകലെ എഫർവത് പർവതനിര മഞ്ഞിൽ കുളിച്ച് നിൽക്കുന്നു. ഒന്നാം ഘട്ടത്തിന്റെ ഫിനിഷിംഗ് പോയിന്റിൽ ഇറങ്ങിയാൽ നമുക്ക് അവിടെ വെറുതെ കറങ്ങി നടക്കാം. ചെറിയ ചായക്കടകളും ഒരു മുന്തിയ റെസ്റ്റോറൻറ് ഇവിടെ ഉണ്ട്. ചില യാത്രികർ ഒന്നാം ഘട്ടത്തിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോകാറുണ്ട്. നമ്മുടെ കയ്യിൽ രണ്ടാംഘട്ടത്തിന്റെയും ടിക്കറ്റ് ഉണ്ട്. നമുക്കു മുന്നിൽ ഉയരത്തിൽ കാണുന്ന എഫർവത് പർവ്വതത്തിന്റെ ടോപ്പ് പോയിന്റാണ് നമ്മുടെ ലക്ഷ്യം. രണ്ടാംഘട്ടത്തിന്റെ എൻട്രി പോയിന്റിൽ ചെന്ന് വീണ്ടും ക്യൂ നിന്ന് അങ്ങോട്ടേക്കുള്ള ഗോണ്ടോളയിൽ കയറിപ്പറ്റി. ഒന്നാം ഘട്ടം പോലെ ഇടമുറിഞ്ഞുള്ള മഞ്ഞുപാളികളുടെ ദൃശ്യം ആയിരുന്നില്ല ഇവിടെ.

ഈ യാത്രയിൽ നമുക്കുചുറ്റും, നമ്മൾ കയറി പോകുന്നതിന്റെ താഴെയും ഒക്കെ മഞ്ഞാണ്. വെള്ള പുതപ്പിട്ട പർവ്വതത്തിന്റെ മേലേക്ക് പറന്നുയർന്നു പോയിക്കൊണ്ടിരിക്കുന്നു. ഫെയ്സ് ടു സ്റ്റേഷനിൽ ഇറങ്ങി പടിയിറങ്ങി ചെല്ലുമ്പോൾ കാൽവയക്കുന്നത് തന്നെ മഞ്ഞു കൂമ്പാരത്തിലേക്കാണ്. മേലെ ആകാശവും ചുറ്റും മഞ്ഞു കട്ടകളും. ആകെ മഞ്ഞ് മയം. സർവ്വ മഞ്ഞുമയം. മഞ്ഞിൽ കൂടെ നടക്കുമ്പോൾ പലഭാഗത്തും കാൽ കുഴിഞ്ഞു പോകുന്നുണ്ട്. കാൽമുട്ട് വരെ പൊക്കമുള്ള ഷൂ ഇട്ടിരിക്കുന്നത് കൊണ്ട് ആശ്വാസമുണ്ട്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോ തെന്നി പോകും. ഇതിൻറെ ഇടയിൽ അവിടെയും ഇവിടെയും ഒക്കെ ആളുകൾ ഫോട്ടോ എടുക്കുന്നു , മഞ്ഞിലൂടെ ഊർന്നിറങ്ങി വരുന്നു, ചാടുന്നു ,മറിയുന്നു. ആകെ എല്ലാവരും ചാടി തിമിർക്കുന്നു. ചിലർ ക്ഷീണിതരായി മഞ്ഞിൽ ഇരുന്ന് വിശ്രമിക്കുന്നു. കുറച്ചു ദൂരം മുകളിലേക്ക് നടന്നു കയറുമ്പോൾ പാക്കിസ്ഥാൻ അതിർത്തി ദൃശ്യമാകുന്ന ഒരു സ്പോട്ട് ഉണ്ട്. അവിടെനിന്നാൽ നന്ദാദേവി പർവ്വതവും കാണാം. ഞങ്ങൾ മതിവരും വരെ മഞ്ഞിൽ കളിച്ചു. മഞ്ഞു മനുഷ്യനെ ഉണ്ടാക്കി. ധാരാളം ചിത്രങ്ങൾ എടുത്തു. മഞ്ഞിൽ ഉരുണ്ടുപെരണ്ടു എന്ന് തന്നെ പറയാം.

കുറെ നേരമായി ഇവിടെ കറങ്ങി തിരിയുന്നവർ ഉടനെ സ്ഥലം വിടണം എന്ന് ഗോണ്ടോളസ്റ്റേഷനിൽ നിന്നും ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ട്. രാവിലെ പതിനൊന്നരയ്ക്ക് അടുത്ത് ആണ് നമ്മൾ ഒന്നാം ഘട്ടം എൻട്രി പോയിന്റിൽ എത്തുന്നത്. ഇപ്പോൾ സമയം നോക്കുമ്പോൾ നാലുമണി. കാറ്റും വീശുന്നുണ്ട്. താഴേക്ക് ഇറങ്ങുവാൻ തീരുമാനിച്ചു. വീണ്ടും ക്യൂ നിന്ന് രണ്ടു ഘട്ടവും കടന്ന് ടാക്സി പോയിൻറ് എത്തി ബിലാലിനെയും തേടിപ്പിടിച്ച് മടക്കയാത്ര ആരംഭിച്ചു. ഈ നിമിഷം വരെ ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. മാഗം എത്താറായപ്പോൾ വഴിയരികിൽ ഒരു കടയിൽ ബിലാൽ വണ്ടി നിർത്തി. നല്ല ഭക്ഷണം. ഇന്നലത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ കേട് ഇപ്പോഴാണ് തീർന്നത്. ഇവിടുത്തുകാർ ടിപ്പ് കൃത്യമായി ചോദിച്ചു വാങ്ങും. തൃപ്തികരമല്ല എങ്കിൽ വീണ്ടും ചോദിച്ചു വാങ്ങും. മടക്കയാത്ര ശ്രീനഗറിലേക്ക് തന്നെ. എല്ലാദിവസവും നമ്മുടെ താമസം ശ്രീനഗറിൽ തന്നെയാണ്. രാത്രി 8 മണിയോടുകൂടി ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഫ്രഷ് ആയതിനുശേഷം എടുത്ത ഫോട്ടോകളെല്ലാം എഡിറ്റ് ചെയ്ത് സ്റ്റാറ്റസ് ഇടുന്നതിൽ വ്യാപൃതരായി. രാത്രി ഭക്ഷണം എന്ത് വേണം എന്ന് ചോദിച്ചു എണ്ണ കമ്പനിക്കാർ വന്നപ്പോൾ വിശപ്പില്ല എന്നും പറഞ്ഞ് നിരസിച്ചു. അപ്പോൾ ഇനി നാളെ കാണാം…

Leave a comment

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started